പിഎസ്സി പ്രസിദ്ധികരിച്ച ബുള്ളറ്റിനിൽ മികച്ച തിരക്കഥാകൃത്തിന്റെ പേരിന്റെ ഭാഗത്ത് പതിപ്പിച്ചത് കൊലക്കേസ് പ്രതി ആകാശ് തില്ലങ്കേരിയുടെ ചിത്രം. മികച്ച തിരക്കഥയ്ക്കുള്ള അവാർഡ് നേടിയ രാജേഷ് തില്ലങ്കേരിക്കു പകരം ആകാശ് തില്ലങ്കേരിയുടെ ഫോട്ടോയാണ് വന്നത്.
യൂത്ത് കോൺഗ്രസ് നേതാവ് ഷുഹൈബിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയും സിപിഎം പ്രവർത്തകനുമായ ആകാശ് തില്ലങ്കേരിയുടെ ചിത്രമാണ് രാജേഷിന്റെ ചിത്രത്തിന് പകരം നൽകിയത്.
കഴിഞ്ഞ മേയ് 15-ന് പിഎസ്സി പ്രസിദ്ധീകരിച്ച ബുള്ളറ്റിന്റെ അവസാനപേജിലെ സമകാലികം കുറിപ്പിലാണ് ഗുരുതരമായ തെറ്റുള്ളത്.
49-ാമത് കേരള ഫിലിം ക്രിട്ടിക്സ് അവാർഡുകളെക്കുറിച്ചുള്ള വിവരണത്തിൽ മികച്ച തിരക്കഥയ്ക്കുള്ള അവാർഡ് നേടിയ രാജേഷ് തില്ലങ്കേരിക്കു പകരം ആകാശ് തില്ലങ്കേരിയുടെ ഫോട്ടോ പ്രസിദ്ധീകരിക്കുകയായിരുന്നു.
ഉണ്ണി കെ.ആർ. സംവിധാനംചെയ്ത ‘എ പ്രഗ്നന്റ് വിഡോ’ എന്ന സിനിമയുടെ തിരക്കഥ തയ്യാറാക്കിയതിനാണ് രാജേഷ് തില്ലങ്കേരിക്ക് ഫിലിം ക്രിട്ടിക്സ് അവാർഡ് ലഭിച്ചത്.
ജൂൺ ഒന്നിനും 15-നും പുതിയ ബുള്ളറ്റിനുകൾ പ്രസിദ്ധീകരിച്ചിട്ടും ഫോട്ടോ മാറിയതിന് പിഎസ്സി തിരുത്ത് നൽകിയില്ല. പിഎസ്സി പരീക്ഷാ പരിശീലനങ്ങൾക്ക് ഉദ്യോഗാർഥികൾ ആശ്രയിക്കുന്ന ഔദ്യോഗിക പ്രസിദ്ധീകരണമാണ് പിഎസ്സി ബുള്ളറ്റിൻ.